തൃക്കാക്കര നഗരസഭ
സാമൂഹ്യ സാംസ്‌കാരിക ഭരണ ചരിത്രം
മഹാനഗരമായ കൊച്ചിക്ക് തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന തൃക്കാക്കര നഗരത്തിന് മഹത്തായ ഒരു സാംസ്‌കാരിക പൈതൃകമാണുള്ളത്. വാഴക്കാല, കാക്കനാട് എന്നീ രണ്ടു റവന്യൂ വില്ലേജുകളിലും പെടുന്ന തൃക്കാക്കര, ജില്ലയുടെ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരസഭയാണ്. 28.16 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയും, 2001 ലെ സെൻസസ് പ്രകാരം അറുപത്തി അയ്യായിരത്തിൽ പരം ജനസംഖ്യയുമുള്ള ഈ നഗരസഭയുടെ പ്രത്യേകതകൾ ധാരാളമാണ്.
ഓണവും മഹാബലിയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് തൃക്കാക്കരയുടെ പൗരാണിക പ്രശസ്‌തി ആരംഭിക്കുന്നത്. തൃക്കാക്കര അപ്പനും തൃക്കാക്കര ക്ഷേത്രവും ഐതിഹ്യ പ്രസിദ്ധമാണ്. പെരുമാൾ ഭരണകാലത്ത് പ്രസിദ്ധമായ ഒരു സ്ഥലമായിരുന്നു തൃക്കാക്കര. അന്ന് കാൽക്കരനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് ചരിത്രരേഖകളിൽ കാണുന്നു.
മലയാളിയുടെ ദേശീയോത്സവമായ ഓണാഘോഷത്തിൻ്റെ ഉറവിടം തൃക്കാക്കരയാണ്. തൃക്കാക്കരയെപ്പറ്റി ഓർക്കുമ്പോൾ തന്നെ മഹാബലിതമ്പുരാൻ രാജ്യം ഭരിച്ചിരുന്ന ആ പഴയകാലം നാം ഓർക്കുന്നു. മാവേലി നാടു ഭരിച്ചീടും കാലം മാനുഷ്യരെല്ലാം ഒന്നു പോലെ എന്നു തുടങ്ങുന്ന ഈരടികൾ നാവിൽ മങ്ങാതെ മായാതെ നിലകൊള്ളുന്നു. മഹാബലിയുടെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഏകദേശം 16 ഏക്കറിലായി വ്യാപിച്ചു കിടന്ന ആസ്ഥാനവും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. മഹാവിഷ്‌ണുവിൻ്റെ പാദസ്‌പർശം ഏറ്റസ്ഥലം ആയതിനാലാണ് തൃക്കാൽക്കര എന്ന പേരിൽ അറിയപ്പെട്ടിരുന്നതെന്നും അതു ക്രമേണ ലോഭിച്ച് തൃക്കാക്കര ആയതാണെന്നുമാണ് ചരിത്രാന്വേഷികളുടെ നിഗമനം. വാമനമൂർത്തിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തൃക്കാക്കരയിലാണ്.
ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും പാരമ്പര്യമേറെയുളള തൃക്കാക്കരയുടെ മണ്ണിൽ പൗരാണിക കാലം മുതൽ ഹൈന്ദവരും, മുസ്ലീങ്ങളും, ക്രിസ്‌ത്യാനികളും തികഞ്ഞ മതസൗഹാർദ്ദത്തോടെ താമസിച്ചിരുന്നു. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന പാട്ടുപുരക്കൽ ഭഗവതി ക്ഷേത്രവും, തുതിയൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും, പടമുകൾ ജുമാമസ്‌ജിദ്, തൃക്കാക്കര കുഴിക്കാട്ടുമൂല, കരിമക്കാട് എന്നീ സ്ഥലങ്ങളിലെ മുസ്ലീം ദേവാലയങ്ങളും, തെങ്ങോട് സെന്റ് മേരീസ് ചർച്ച്, അയ്യനാട് സെൻ്റ് മൈക്കിൾസ് ചർച്ച് എന്നിവയും ഇതിനുള്ള തെളിവുകളാണ്. എറണാകുളം ജില്ലയുടെ ആസ്ഥാനം തൃക്കാക്കരയിലേക്ക് മാറിയതോടുകൂടി ഇവിടെ താമസിക്കാനെത്തിയ വിവിധ ദേശക്കാരും വിവിധ മത വിശ്വാസികളുമായ ആളുകളെ സസന്തോഷം സ്വീകരിക്കുവാനും ഉൾക്കൊളളുവാനുമുളള സഹിഷ്ണുത തൃക്കാക്കരക്കുണ്ടായി.
തൃക്കാക്കര സമഗ്ര വികസത്തിന് അടിത്തറ പാകിയത് 1957ൽ എൻ.ജി.ഒ. ക്വാർട്ടേഴ്സിനു വേണ്ടി നടത്തിയ ശിലാസ്ഥാപനമാണ്. അതിനുശേഷം തൃക്കാക്കരയുടെ വികസനം പടിപടിയായി ഉയർന്നു. എറണാകുളം ടൗണിൽ പ്രവർത്തിച്ചിരുന്ന എല്ലാ കേന്ദ്ര സംസ്ഥാന സർക്കാർ ആഫീസുകളും തൃക്കാക്കരയിലേക്ക് മാറ്റി സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അനേകം പാർപ്പിട പദ്ധതികളും ചെറുതും വലുതുമായ വ്യവസായങ്ങളും കടന്നു വന്നത് തൃക്കാക്കരയെ മറ്റുളള നഗരസഭകളിൽ നിന്ന് വ്യത്യസ്‌തതയുള്ള നഗരസഭയാക്കി മാറ്റിയിരിക്കുന്നു.